തിരുവനന്തപുരം: കാർഷിക സർവകലാശാലാ ഫീസ് വർധനവിൽ പ്രതിഷേധിച്ച് എസ്എഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം. സർവകലാശാല വൈസ് ചാൻസലർ ബി. അശോകന്റെ വീട്ടിലേക്ക് എസ്എഫ്ഐ പ്രവർത്തകർ രാത്രി നടത്തിയ പ്രതിഷേധത്തെത്തുടർന്നായിരുന്നു സംഘർഷം.
ബാരിക്കേഡ് ചാടിക്കടന്ന പ്രവർത്തകരെ പോലീസുകാർ പിടിച്ചു മാറ്റാൻ ശ്രമിച്ചതോടെ സ്ഥലത്ത് സംഘർഷമുണ്ടാകുകയായിരുന്നു. ഇതോടെ പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. ബാരിക്കേഡ് മറികടക്കാനുള്ള ശ്രമത്തിനിടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദിന്റെ നേതൃത്വത്തിൽ പോലീസിന്റെ ഷീൽഡ് ബലമായി പിടിച്ചു വാങ്ങിയാണ് ജലപീരങ്കിയെ പ്രതിരോധിച്ചത്. രണ്ടു മണിക്കൂർ നേരം സർവകലാശാലയുടെ മൂന്നു ഗേറ്റുകളും പ്രവർത്തകർ ഉപരോധിച്ചു.